ബാംഗ്ലൂര്‍: ബി.ജെ.പി.കേന്ദ്രനേ തൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിലപേശലിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഞായറാഴ്ച രാജിവെക്കാമെന്ന് ബി.എസ്. യെദ്യൂരപ്പ സമ്മതിച്ചു. എന്നാല്‍, സ്ഥാനമൊഴിയാന്‍ യെദ്യൂരപ്പ മുന്നോട്ടുവെച്ച ഉപാധികളെക്കുറിച്ച് തര്‍ക്കം തുടരുകയാണ്. തിങ്കളാഴ്ച പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നിയമസഭാകക്ഷിയോഗം ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജിന് രാജിക്കത്തു നല്‍കുമെന്ന് യെദ്യൂരപ്പ പത്രക്കുറിപ്പിലറിയിച്ചു. നടപടിയെടുക്കുമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ കര്‍ക്കശസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം വഴങ്ങാന്‍ തയ്യാറായത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും സുഷമാ സ്വരാജും ഇടപെട്ട് മുന്നറിയിപ്പു നല്‍കിയതായും വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു.
എന്നാല്‍, രാജിതീരുമാനം പ്രഖ്യാപിച്ചിട്ടും യെദ്യൂരപ്പ നാടകം തുടര്‍ന്നു. ശക്തിതെളിയിക്കാന്‍ വൈകിട്ട് തന്നെ അനുകൂലിക്കുന്ന എം.എല്‍.എ.മാരെ അദ്ദേഹം മൂന്നുബസ്സുകളിലായി അശോക ഹോട്ടലിലെത്തിച്ചു. ഈ ഹോട്ടലിലാണ് കേന്ദ്രനേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും തങ്ങിയിരുന്നത്. യെദ്യൂരപ്പയും കേന്ദ്രനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ എം.എല്‍.എ.മാര്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രി രാജിവെക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിക്കണമെന്നും അവര്‍ വാദിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറിന്റെ നേതൃത്വത്തില്‍ യെദ്യൂരപ്പ വിരുദ്ധപക്ഷവും പരസ്യമായി രംഗത്തിറങ്ങിയതോടെ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.
രാജിവെച്ചാല്‍ തന്നെ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. അദ്ദേഹം പ്രസിഡന്റായാല്‍ സ്ഥാനമൊഴിയേണ്ടി വരുന്ന ഈശ്വരപ്പ ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിനൊപ്പം നിന്ന് ചരടുവലി നടത്തുന്നുണ്ട്. 75 എം.എല്‍.എ.മാര്‍ തങ്ങളോടൊപ്പം ഉണ്ടെന്നാണ് യെദ്യൂരപ്പ പക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ 35 പേര്‍ മാത്രമേയുള്ളൂവെന്ന് ഈശ്വരപ്പ തുറന്നടിച്ചു.
പൊതുസമ്മതനായ ഡി.വി. സദാനന്ദ ഗൗഡ എം.പി.യെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഊര്‍ജമന്ത്രിയും തന്റെ വലംകൈയുമായ ശോഭ കരന്തലജയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് യെദ്യൂരപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നറിയുന്നു. മന്ത്രിസഭയിലെ ജൂനിയറാണ് ശോഭ എന്ന വാദം ഉന്നയിച്ച് മന്ത്രിമാരായ ജഗദീഷ് ഷെട്ടാര്‍, സുരേഷ്‌കുമാര്‍ എന്നിവരുടെ പേരുകളാണ് എതിര്‍ചേരി ഉയര്‍ത്തിയത്. മന്ത്രി വി.എസ്. ആചാര്യയുടെ പേര് ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷപദവി വേണമെന്ന ആവശ്യത്തില്‍ യെദ്യൂരപ്പ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ശോഭ കരന്തലജയുടെ പേര് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മന്ത്രിമാരായ ആര്‍. അശോകും സുരേഷ്‌കുമാറും ഈശ്വരപ്പ നേതൃത്വം നല്‍കുന്ന എതിര്‍പക്ഷത്തേക്ക് ചാടി. ജഗദീഷ് ഷെട്ടാറിനും സുരേഷ്‌കുമാറിനും വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറും രംഗത്തുണ്ട്. യെദ്യൂരപ്പ രാജിവെക്കില്ലെന്നും പാര്‍ട്ടി പിളര്‍ത്തുമെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വീണ്ടും പത്രക്കുറിപ്പിറക്കിയതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ശനിയാഴ്ച അമാവാസിയായതിനാലും ആഷാഢമാസം കഴിയണമെന്ന് താത്പര്യമുള്ളതിനാലുമാണ് രാജി സമര്‍പ്പിക്കുന്നത് ഒരു ദിവസം നീട്ടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ മുഖ്യന് കടമ്പകളേറെ
*കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ആര് ചുമതലയേറ്റെടുത്താലും മുന്നിലെ പ്രധാന പ്രതിസന്ധി ലോകായുക്ത റിപ്പോര്‍ട്ടായിരിക്കും. ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയരായ റെഡ്ഡി സഹോദരങ്ങളെ മാറ്റിനിര്‍ത്തിവേണം മന്ത്രിസഭയുണ്ടാക്കാന്‍. ബെല്ലാരിയില്‍ നിന്നുള്ള 14 എം.എല്‍.എമാര്‍ ഇവര്‍ക്കൊപ്പമാണ്. മാത്രമല്ല യെദ്യൂരപ്പക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകേണ്ടതായും വരും. യെദ്യൂരപ്പയെയും റെഡ്ഡിസഹോദരന്മാരെയും രക്ഷിക്കാനായി ലോകായുക്ത റിപ്പോര്‍ട്ട് നിരസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഗവര്‍ണറുടേയും സുപ്രീംകോടതിയുടേയും നിയമ നടപടികള്‍ നേരിടേണ്ടിയും വരും.