Wednesday, April 6, 2011

കൊച്ചി ടസ്‌കേഴ്‌സിന്റെ ലോഗോയും വീഡിയോയും പ്രകാശിപ്പിച്ചു




കൊച്ചി: ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരളാ ടീം കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ലോഗോയും പ്രൊമോഷണ്‍ വീഡിയോയുടേയും പ്രകാശനം കൊച്ചിയില്‍ നടന്നു. ചലചിത്രതാരം ജയറാമാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനമാണ് വീഡിയോ സംവിധാനം ചെയ്തത്.

കൊച്ചിയിലെ ലേ മെരിഡിയന്‍ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ടീം അംഗങ്ങളും ഉടമകളും കെ.സി.എ. ഭാരവാഹികളും സന്നിഹിതരായിരുന്നു. ക്രിക്കറ്റ് ലോകത്തെ ഇഷ്ടതാരങ്ങളായ വി.വി.എസ്. ലക്ഷ്മണ്‍, ബ്രന്‍ഡന്‍ മക്കല്ലം, ആര്‍.പി. സിങ്, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോഡ്ജ്, മലയാളി താരം റെയ്ഫി വിന്‍സന്റ് ഗോമസ്, കോച്ച് ജെഫ് ലോസണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടീം ഉടമസ്ഥരായ റൊണ്‍ദേവൂ സ്‌പോര്‍ട്‌സ്, ആങ്കര്‍ എര്‍ത്ത്, പരിണി ഡെവലപ്പേഴ്‌സ്, ഫിലിം വേവ്‌സ് കമ്പയിന്‍, ആനന്ദ്ശ്യാം എസ്റ്റേറ്റ്‌സ്, പ്ലേ ഓണ്‍ സ്‌പോര്‍ട്ടിങ് വെന്‍ച്യൂര്‍ എന്നിവയുടെ പ്രതിനിധികളും ചടങ്ങിനെത്തി. വീഡിയോയും തീം സോങും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള തീം സോങ്ങില്‍ കേരളത്തിന്റെ മനോഹര പ്രകൃതിയും ക്രിക്കറ്റിന്റെ വന്യസൗന്ദര്യവും സമന്വയിപ്പിക്കാന്‍ പ്രിയദര്‍ശന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് തീം സോങിന് ഈണം പകര്‍ന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ തിരുവാണ് ക്യാമറ കൈകാര്യം ചെയ്തത്. ഐ.പി.എല്ലില്‍ കേരളാ ടീമിന്റെ അരങ്ങേറ്റ മത്സരം ശനിയാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് നടക്കുക.