
ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ലോകകപ്പ് ആവേശഭരിതമായിക്കഴിഞ്ഞു. ഗ്രൂപ്പ് എ യില്‍നിന്ന് ക്വാര്‍ട്ടറിലെത്തിയ ടീമുകളേതെന്ന് വ്യക്തമായെങ്കിലും ഗ്രൂപ്പ് ബി യില്‍ ഇപ്പോഴും കണക്കെടുപ്പുകള്‍ തുടരുകയാണ്. അയര്‍ലന്‍ഡിന്റെയും ബംഗ്ലാദേശിന്റെയും വരവാണ് ഗ്രൂപ്പ് ബി യിലെ സാധ്യതകള്‍ വിശാലമാക്കിയത്. അയര്‍ലന്‍ഡിനോടും ബംഗ്ലാദേശിനോടും അപ്രതീക്ഷിത തോല്‍വികള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് നിലനില്‍പ്പിനായി പൊരുതുകയാണ്. പക്ഷേ, അവരുടെ സാധ്യതകള്‍ ഇപ്പോഴും ഇല്ലാതായിട്ടില്ല. വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍മാത്രമേ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താനാകൂ എന്നുമാത്രം. പക്ഷേ, ബി ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനുമാത്രമല്ല പ്രതിസന്ധിയുള്ളത്. വെസ്റ്റിന്‍ഡീസിനും ഇന്ത്യയ്ക്കുംപോലും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ശനിയാഴ്ച ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന മത്സരവും ഞായറാഴ്ചത്തെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരവും ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ആവേശകരമായ അന്ത്യംഉറപ്പാക്കുന്നു. ഞങ്ങളുടെ ഗ്രൂപ്പിലുള്ളത് ഇനി സ്ഥാനനിര്‍ണയമാണ്. പാകിസ്താനോട് തോല്‍ക്കുകയും ഓസ്‌ട്രേലിയയോട് പോയന്റ് പങ്കിടേണ്ടിവരികയും ചെയ്തതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമേ ശ്രീലങ്ക ലക്ഷ്യമിട്ടിരുന്നുള്ളൂ. ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ ഓസ്‌ട്രേലിയ പാകിസ്താനെ പരാജയപ്പെടുത്തുകകൂടി ചെയ്താല്‍, ക്വാര്‍ട്ടറില്‍ ഇന്ത്യ-പാക് മത്സരത്തിന് സാധ്യതയുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായി അത് മാറുമെന്നുറപ്പാണ്. |