Saturday, March 19, 2011

മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം.





മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. പണം വാങ്ങി വാര്‍ത്ത നല്‍കുന്ന രീതി പിന്തുടരുന്ന മാധ്യമങ്ങള്‍ ഇത്തവണയും അതിനുള്ള ശ്രമം തുടരുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളെ നല്ലവരെന്നും മറു വിഭാഗത്തെ മോശക്കാരായും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി മാധ്യമങ്ങള്‍ നിലകൊണ്ടത് പെയ്ഡ് ന്യൂസിന് ഉദാഹരണമാണ്. ഇപ്പോഴും അത് തുടരുകയാണ്. ഇതിന് പലപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇരയാകേണ്ടിവരുന്നുവെന്നും ചിലര്‍ വിപ്ലവകാരികളുടെ വേഷം കെട്ടിയാണ് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഇ.എം.എസ്സിന്റെ അഭാവത്തിന് ശേഷം ആ കര്‍ത്തവ്യം നിറവേറ്റാന്‍ കൂട്ടായി ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ ആവുന്നില്ല. അത് ഞങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ട്. ഇ.എം.എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചില ഘട്ടങ്ങളില്‍ ഓര്‍ത്തുപോകാറുണ്ട്. തിരുവനന്തപുരത്ത് ഇ.എം.എസ്. അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ഏറെ പ്രതീക്ഷയോടാണ് ജനങ്ങള്‍ കാണുന്നത്. അഭിമാനത്തോടെയാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി നില്‍ക്കുന്നത്. വാഗ്ദാനം ചെയ്തതിലും അധികം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. മാധ്യമങ്ങള്‍ പൂര്‍ണ്ണമായി ഒരു വിഭാഗത്തിനെതിരാകുന്ന കാഴ്ച്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ചെറുപ്പക്കാരെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.