Wednesday, December 7, 2011

മാനന്തവാടി ടൗണില്‍ യുവതിയോട് അപമര്യാദയായി പെരുമാറി: മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: മാനന്തവാടി ടൗണില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുതറ സാഹിറാമന്‍സില്‍ വാജിദ്(36), അഷറഫ് മന്‍സില്‍ ഹമീദ്(21), കുഴിനിലം മുസല്യാര്‍ ഹൗസില്‍ നൗഷാദ്(35) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി എസ്‌ഐ: എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടാണ് ഇരുപത്തിമൂന്നുകാരിയായ യുവതിയോട് പച്ചക്കറിക്കട നടത്തുന്ന ഹമീദ് അപമര്യാദയായി പെരുമാറിയത്. യുവതി പ്രതികരിച്ചപ്പോള്‍ യുവതിയെ ഇയാള്‍ മര്‍ദിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസിനെ വിളിച്ചു.

സ്ഥലത്തെത്തിയ പൊലീസ് സംഘം ഹമീദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് വാജിദിനേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയോട് അപമര്യാദയായി പെരുമാറിയതിനും മര്‍ദിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.